Article

നഗ്നത ദർശിച്ചാൽ  വിറളി പിടിക്കാത്ത ഒരു മുൻതലമുറ    നമുക്ക് ഇവിടെ ഉണ്ടായിരുന്നു 

-- ഗുരു പ്രശാന്ത് , ഡയറക്ടർ , യോഗമണ്ഡലം , ചിറ്റിലംചേരി , പാലക്കാട്‌ . 

www.yogamandalam.com 

ലൈംഗിക ചോദന ആരോഗ്യത്തിന്റെ ലക്ഷണമാണ് . പ്രകൃതിദത്തമായ ഈ വാസനയെ വേണ്ടരീതിയിൽ മാനിക്കാനാവാത്ത സമൂഹവും അനാരോഗ്യകരമായിരിക്കും.ഇന്ദ്രിയങ്ങളിലെ ഏതെങ്കിലും ഒന്നിന്റെ പ്രവർത്തനം കര്യഷമമല്ലെങ്കിൽ അത് അനാരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുക.ലൈംഗികതയിലൂടെ പ്രകൃതി  അതിന്റെ ലക്‌ഷ്യം നിറവേറ്റുന്നു. ഇതുമായി സമരസപ്പെട്ടുള്ള  ജീവിതമാണ്‌ അഭികാമ്യം. ലൈംഗികചോദനയെ എതിർത്തു തോല്പ്പിക്കണമെന്ന മനോഭാവം നാശത്തിലേക്കുള്ള വഴിയാണെന്ന് ഓർക്കണം .തന്റെ പ്രകൃതിയുമായുള്ള നിരന്തര പോരാട്ടം ശക്തി ക്ഷയത്തിനു കാരണമായിത്തീരുന്നു .                          നിർഭാഗ്യവശാൽ കപടസദാചാരം വാർത്തെടുത്ത വികല ലൈംഗിക സ്വഭാവമുള്ള  സമൂഹത്തിലേക്കാണ്‌ ഒരു കുഞ്ഞു ഇന്ന് ജനിച്ചു വീഴുന്നത്.ലൈംഗികത എന്തോ നിഗൂഡതയാണെന്നും   മനസുകൊണ്ടോ  വാക്കുകൊണ്ടോ  പ്രവർത്തിയാലോ ഇത്തരം  കാര്യങ്ങൾ പ്രകടമാക്കരുതെന്നുമുള്ള ബാലപാഠങ്ങളാണ്  കുടുംബത്തിൽ  നിന്നും സമൂഹത്തില നിന്നും ഉപദേശ രൂപേണ ലഭിക്കാറുള്ളത് . പതുക്കെ പതുക്കെ ആ കുട്ടി പശ്ചാതാപത്തിന്റെയും ആത്മസംഘർഷത്തിന്റെയും അടിമയായി മാറുന്നു. ഉള്ളിൽ  നിന്ന് നുരഞ്ഞു പൊങ്ങുന്ന ലൈംഗികതയെ  അടിച്ചമർത്തുമ്പോൾ  പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരുമെന്ന പ്രകൃതിനിയമത്തിനു മുന്നിൽ  മനുഷ്യൻ കെട്ടിപ്പൊക്കിയ വന്മതിലുകൾ ഇടിയുന്നു. വഴിയറിയാതെ അന്താളിച്ചു നിൽക്കേണ്ടിവരുന്ന കൌമാരത്തിനും യൌവനത്തിനും ശരിയായ ലൈംഗിക ജ്ഞാനം ലഭിക്കാതെ പോകുന്നു . ഇങ്ങനെ അവ്യക്തവും തെറ്റുധരണാജനകവും ആയ ചിത്രം പേറി ജീവിക്കുന്ന ഒരുവൻ അക്രമ വസനെയും കൂട്ടുപിടിച്ചാൽ കഥ മാറുകയായി .ലൈംഗികതയ്ക്ക് അവൻകൊടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ പ്രാധാന്യം കൂടിയായാൽ അപകടം പിന്നെയും ഇരട്ടിക്കും. ഇത്തിരിപോന്ന ഒരു സാധാരണ കാര്യത്തെ പെരിപ്പിച്ചു കാട്ടുന്നതിൽ മിടുക്കൻമാരായ പത്രങ്ങളും ദ്രിശ്യ മാധ്യമങ്ങളും പരസ്യ കമ്പനിക്കാരും ഇന്റെർനെറ്റൂം  ഈഅതിഭവുകത്വം കുത്തിവെക്കുന്നതിൽ മുൻനിരയിലാണ് .  രതിയിൽ നിന്ന് ലഭിക്കുന്ന സുഖത്തെയും സന്തോഷത്തേയും കുറിച്ച്  അമിതമായ സ്വപ്‌നങ്ങൾ വളർത്തിയെടുത്ത മനസിന്‌ പിന്നോട്ടുപോകുക എളുപ്പമല്ല. ഈസ്വപ്നങ്ങൾക്ക് കൂട്ടായി സമൂഹത്തെ വെല്ലുവിളിക്കുംപോളുണ്ടാകുന്ന നിഗൂഡ  രസവും ചേർന്നാൽ അവൻ സമ്പൂർണമായും ഈ സ്വപ്നത്തിനു അടിമപെട്ടിരിക്കും.നമ്മൾ ചിലപ്പോൾ ലൈംഗിക സ്വാതന്ത്ര്യം എന്ന പേരിൽ ഈ  സ്വപ്നങ്ങളെ  താലോലിക്കും, ഈ  സ്വാതന്ത്ര്യത്തിന്  വേണ്ടി മുറവിളികൂട്ടും .  ഇവിടെ സത്യത്തിൽ  സ്വപ്‌നങ്ങൾ  വില്ക്കുന്ന  ഒരു  വലിയ വ്യപരകണ്ണിയിൽ അറിയാതെ നമുക്കും ഭാഗഭാക്കകേണ്ടി വരുകയാണ് . വൻകിട കുത്തകകളുടെ വ്യാപാര തന്ത്രത്തിനു   മുന്നിൽ സാധാരണക്കാരെപ്പോലെ   നമ്മുടെ ബുദ്ധിജീവികളുടെയും  സാംസ്‌കാരിക നായകന്മാരുടെയും      കാഴ്ച മങ്ങിപ്പോകുകയാണ് .   ഇതിനു മറു മരുന്ന് ലൈംഗിക നിരാസവുമല്ല, കാരണം അത് മറ്റൊരു കച്ചവട തന്ത്രത്തിന്റെ ഭാഗമാണ് . മതത്തിന്റെയും ആത്മീയതയുടെയും കച്ചവടത്തെ ബാധിക്കുന്ന  ഘടകങ്ങൾ ലൈംഗിക നിരാസത്തിൽ ഉണ്ടുതാനും .  ഇത് രണ്ടും ഇറക്കുമതിചെയ്ത ആശയങ്ങളാണെന്ന്  അല്പം ശ്രദ്ധിച്ചാൽ അറിയാം . അമ്പതു വർഷങ്ങൾക്ക് മുൻപ് പോലും നഗ്നത അന്നത്തെ  യുവമനസുകൾക്ക്  ഇത്രയേറെ വിഷയമായിരുന്നില്ല . നഗ്നത ദർശിച്ചാൽ  വിറളി പിടിക്കാത്ത ഒരു മുൻതലമുറ നമുക്ക് ഇവിടെ ഉണ്ടായിരുന്നു .  അവർ കൊത്തിവെച്ച നഗ്ന   ശില്പങ്ങളും രതി ശില്പങ്ങളും അവർ വരച്ച ചിത്രങ്ങളും  പൊതു സ്ഥലത്ത് പകൽ വെളിച്ചത്തിൽ വേണമെങ്കിൽ കുടുംബത്തോട് കൂടെ പോയി കാണാം. ദർശനത്തിലൂടെ  കാമാസക്തി ഉണരുന്ന പുരുഷന്മാരും സ്പർശനത്തിലൂടെ കാമാസക്തി ഉണരുന്ന സ്ത്രീകളും അന്നും ഉണ്ടായിരുന്നു , പക്ഷെ അവരുടെ ലൈംഗിക ബോധം  നമ്മെക്കാളും കുറച്ചു കൂടെ ഉയർന്നതായിരിക്കണം. സ്ത്രീകളെ കണ്ടാലും സ്ത്രീകളുടെ നഗ്നത കണ്ടാലും വിറളിപിടിക്കുന്ന ഒരു സമൂഹം ആരോഗ്യകരമാണോ എന്ന്  നമ്മൾ വീണ്ടും   ചിന്തിക്കേണ്ടിയിരിക്കുന്നു , ലൈംഗിക സ്വാതന്ത്ര്യമെന്ന  ഓമനപ്പേര്   നല്കി  നമ്മൾ വിളിച്ചാലും  സത്യം സത്യമായി  അവശേഷിക്കും. ഇവിടെ രണ്ടുതരം   കച്ചവടത്തിനിടക്കുപെട്ടുഴലുകയാണ്  നമ്മുടെ ഈ തലമുറ.                       ഗാഡമായ  ഈ സ്വപ്‌നങ്ങൾ തകർക്കപെടാതെ  എങ്ങനെയാനാണ് അവരെ ഇതിൽ നിന്ന് ശാശ്വതമായി  പിന്തിരിപ്പിക്കാ സാധിക്കുക? കഠിനമായ ശിക്ഷ പ്രഖ്യാപിച്ചു   അവരുടെ സ്വപ്നങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ   അവരുടെ സ്വപ്‌നങ്ങൾ പുതിയ വഴികളും രീതികളും തേടിപോകും. അത് ചെലപ്പോൾ മാനസിക രോഗങ്ങൾക്ക്‌  വഴി  വെച്ചെന്നുമിരിക്കും.സ്വപ്‌നങ്ങൾ ഏറ്റുവാങ്ങി വികലമായി പ്രയോഗിക്കുന്നവനെന്നപോലെ അതിഭാവുകത്വം  നിറഞ്ഞ സ്വപ്നങ്ങൾ സമ്മാനിച്ചവരും ശിക്ഷക്ക് അർഹരാണ്. ഈ സ്വപ്നവ്യാപാരങ്ങളെ തകക്കാനായില്ലെങ്ങിൽ സമൂഹത്തിൽ ഇനിയും അനവധി അക്രമങ്ങൾ നടമാടുമെന്നതിൽ സംശയം വേണ്ട.                        എങ്ങനെയാണു സ്വപ്നങ്ങളെ തകർക്കേണ്ടത് ? എങ്ങനെയാണ് ചോദനയെ  തൃപ്തിപെടുത്തേണ്ടത് ?എങ്ങനയാണ്‌ സ്വപ്നവ്യാപരികളെ  നിയന്ത്രിക്കേണ്ടത്  ?  ഈ ചോദ്യങ്ങൾ ആത്മാർത്ഥമായി നമുക്ക് ചോദിക്കാം അപ്പോൾ ലഹരി വസ്തുക്കൾ നിയന്ത്രിക്കണമെന്നൊ ,ഇൻറർനെറ്റിൽ രതിക്കാഴ്ച നിരോധിക്കണമെന്നൊ , ലൈംഗിക വിദ്യാഭ്യാസം കൊടുക്കണമെന്നോ, ശൈശവ വിവാഹം പ്രോൽസഹിപ്പിക്കണമെന്നൊ , കൂടുതൽ വേശ്യാലയങ്ങൾ തുടങ്ങണമെന്നോ , പുതിയ ശിക്ഷാരീതികൾ നടപ്പാക്കണമെന്നൊ ,  സ്വാത്വിക  ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കണമെന്നോ, നിയന്ത്രിത സെക്സ് വാക്സിനേഷൻ എടുക്കണമെന്നോ , നഗ്നതാപ്രദർശനം പ്രോത്സാഹിപ്പിക്കണമേന്നോ , തലച്ചോറിൽ കണ്ടക്ടറുകൾ ഘടിപ്പിച്ചു പതിന്മടങ്ങ് ഉത്തേജന സുഖം ഉണ്ടാക്കുന്ന കൃത്രിമ ഉപകരണം വികസിപ്പിക്കണമെന്നൊ ,കുടുംബ വ്യവസ്ഥയെ തകർത്ത് സമൂഹജീവനം കൊണ്ടുവരണമെന്നോ , സ്കൂളുകളിൽ പ്രായോഗിക ലൈംഗിക പരിശീലനം നൽകണമെന്നൊ , ആത്മീയ പഠനം പ്രോൽസഹിപ്പിക്കണമെന്നൊ , സ്വതന്ത്ര ലൈംഗികത നടപ്പാക്കണമേന്നോ , നിർബന്ധിത കൌണ്സലിംഗ്   എർപ്പെടുത്തണമേന്നോ ഉള്ള ഉത്തരം നമുക്ക് മുന്നിൽ   വരും . ഇതിൽ നിന്നുള്ള തിരഞ്ഞെടുപ്പ് പ്രയാസമാണ് പക്ഷെ നമ്മൾ ആത്മാർഥമായി ശ്രമിക്കണം , അല്ലാതെ മറ്റെന്തുചെയ്യാൻ ?  ഇവിടെ കഴുകദൃഷ്ട്ടിയോടെ സ്ത്രീ-പുരുഷ സൗഹൃദത്തിനു വിള്ളലേൽപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരെ സൂക്ഷിക്കണം . അതുപോലെ തീരുമാനം മനുഷ്യ പ്രകൃതിക്ക് ഇണങ്ങുന്നതായിരിക്കണം,  അല്ലെങ്കിൽ സ്വന്തം പ്രകൃതിക്ക് മുന്നിൽ പരാജയപ്പെടുമെന്നതിൽ സംശയം വേണ്ട.    

                    ----------------------------------

ഏകദൈവ വിശ്വാസം  ഏകാത്മദർശനമല്ല  - ഗുരു പ്രശാന്ത് , ഡയറക്ടർ , യോഗമണ്ഡലം , ചിറ്റിലംചേരി , പാലക്കാട്‌ . www.yogamandalam.com

ദൈവം എന്ന സങ്കലപം  സൂക്ഷ്മമായി പരിശോധിച്ചാൽ അത് ഓരോ മനുഷനിലും വ്യത്യസ്ത രീതിയിലാണ്‌  ഉണ്ടാവുക  എന്ന് മനസിലാകും . അതുപോലെ ഓരോ മതത്തിലും ഇത് വ്യത്യസ്തമാണ് . പക്ഷെ സർവമതത്തിലെയും   ദൈവ സങ്കല്പം ഒന്നാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കാലങ്ങളോളമായി നടക്കുന്നുണ്ട് . വിദ്വാൻമാരുടെയും അധികാരികളുടെയും  സാംസ്ക്കാരിക  നായകന്മാരുടെയും അശാന്ത പരിശ്രമം ഇതിനു വേണ്ടി നടത്തിയിട്ടുണ്ട്   എന്നുള്ളതാണ് ഏറെ അതിശയകരം. അസത്യം പല തവണ ആവർത്തിച്ചാൽ സത്യമായി ധരിക്കുമെന്ന  വികട മനശാസ്ത്രത്തിന്റെ   പ്രയോഗമാണ് ഇവിടെ നടക്കുന്നത് . കുരുന്നുകളുടെ മുന്നിൽ എല്ലാ ദൈവവും ഒന്നാണെന്ന ആശയം അടിക്കടി വിളമ്പുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്തായാലും , അത് ഇപ്പോഴും നിർബാധം നടക്കുന്നുണ്ട് . ഈ ഘട്ടത്തിൽ സത്യാവസ്ഥ പരിശോധിക്കുന്നത്  ഉചിതമായിരിക്കുമെന്ന്  തോന്നുന്നു .

ഏകദൈവ വിശ്വാസം

സെമറ്റിക് മതങ്ങളിലും  ( ക്രിസ്ത്യൻ , മുസ്ലിം , ജ്യുത .... ) മറ്റു  ചില പൌരസ്ത്യ മതങ്ങളിലും കണ്ടു വരുന്ന വിശ്വാസമാണ് ഒരേ ഒരു ദൈവമേ ഉള്ളു എന്നത്. ഈ മതങ്ങൾക്ക് പ്രവാചകന്മാരും ദൈവത്തിന്റെ സന്ദേശ വാഹകരും ഉണ്ട് . ഇവർ ദൈവം നിയോഗിച്ച പ്രവർത്തി ചെയ്യുന്നു എന്നാണ് വിശ്വാസം . ഈ ദൈവം സ്വർഗത്തിൽ വസിക്കുന്നു എന്നോ അല്ലെങ്കിൽ മനുഷ്യന് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയാത്ത ഏതോ ഉപരിതല ലോകത്തിലാണെന്നും   വിശ്വസിക്കുന്നു . ഈ ദൈവത്തിനു മനുഷ്യന്റെ ആകാരമാണെന്നും   അല്ലെന്നുമുള്ള വാദങ്ങൾ ഉണ്ട് . ഈ മതങ്ങളുടെ പ്രമാണം വിശ്വാസമാണ് . അതായതു ച്യോദ്യം ചെയ്യാൻ പാടില്ല , ചോദ്യം ചെയ്താലും അവസാനം സമ്മതിച്ചു കൊടുക്കണം ഒരിക്കലും   ദൈവത്തെ നിഷേധിക്കരുത്. ദൈവം പറഞ്ഞു വെച്ചിട്ടുള്ള കാര്യങ്ങളിൽ ചർച്ച ആവ്വാം പക്ഷെ ദൈവത്തിന്റെ അസ്തിത്വത്തെയും  ദൈവത്തിന്റെ സന്ദേശത്തെയും ചോദ്യം ചെയ്യാൻ പാടില്ല   . വിശ്വാസം എന്നാൽ എന്താണെന്നു പരിശോധിക്കുന്നതിലൊന്നും  ഇവിടെ  പ്രസക്തിയില്ല , വിശ്വസിക്കുക, ആ കാര്യത്തിൽ ബുദ്ധി ഉപയോഗിക്കരുത് അതാണ് നിലപാട്  . ഈ ദൈവം മനുഷ്യന്റെ കാര്യങ്ങളൊക്കെ അറിയിന്നുണ്ടെന്നും അതിനൊക്കെ കണക്കുവെക്കാറുണ്ടെന്നും അതിനനുസൃതമായി  ശിക്ഷിക്കാറും   രക്ഷിക്കാറുമുണ്ടെന്നും വിശ്വസിക്കുന്നു . ഈ ദൈവം  സ്വന്തം പ്രീതിക്കനുസൃതമായി  മനുഷ്യനെ സ്വർഗ്ഗത്തിലേക്കും  നരകത്തിലേക്കും അയക്കുമെന്നും കരുതുന്നു . സ്വർഗ്ഗത്തിൽ ഏറെ സുഖസമൃദ്ധമായ ജീവിതവും  നരകത്തിൽ ദുരിതമായമായ ജീവിതവും സമ്മാനിക്കും എന്നാണ് സങ്കല്പം . ദൈവ പ്രീതിക്കായി ചെയ്യേണ്ട കാര്യങ്ങൾ ഈ മതങ്ങൾ വിശദമാക്കുന്നുണ്ട് . ഇതാകട്ടെ ഓരോ മതവും വ്യതസ്തമായ രീതിയിലാണ്‌ പറഞ്ഞുവെച്ചിട്ടുള്ളത് അതിൽ ചിലതെല്ലാം  പരസ്പര വിരുദ്ധവും ആണ് . തങ്ങളുടെ വിശ്വാസമാണ് ശരിയെന്നു ഓരോരുത്തരും വാദിക്കുന്നു .

ഏകാത്മദർശനം

ഈ കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം ഒന്നാണെന്നും അവ രണ്ടാല്ലെന്നുമാണ് ഏകാത്മ ദർശനം പറയുന്നത്. ഉപനിഷത്തുക്കളാണ്  ഏകാത്മക ദർശനത്തിന്റെ മൂലഗ്രന്ഥങ്ങൾ.ഈ ദർശനത്തെ കൂടുതൽ വ്യക്തമാക്കാൻ മാണ്ഡൂക്യോപനിഷത്തിലെ ഒന്നാമത്തെ മന്ത്രം ഇവിടെ കുറിക്കുന്നു :

ഓമിത്യേതതക്ഷരമിതം സർവ്വം തസ്സ്യോപ വ്യാഘ്യാനം ഭൂതം ഭവത് ഭവിഷ്യതിതി സർവ്വമോങ്കാരമേവ .

അർഥം: ഈ കാണപ്പെടുന്നതെല്ലാം ഓം എന്നുള്ള അക്ഷരമാണ് . അതിന്റെ ഉപവ്യാഖ്യാനം ഇപ്രകാരമാകുന്നു. ഭൂതത്തിലും വർത്തമാനത്തിലും ഭവിഷ്യത്തിലും എന്തെല്ലാം അടങ്ങുന്നുണ്ടോ അതല്ലാം  ഓങ്കാരമാകുന്നു . ഈ മൂന്നു കാലത്തിനും അതീതമായി എന്തെങ്കിലുമുണ്ടെങ്കിൽ അതും ഓങ്കാരമാകുന്നു.

ഈ ദർശനം വിശ്വാസത്തിലധിഷ്ട്ടിതമല്ല ഇവിടെ നിരന്തരമായ തപസിലൂടെ ഉണ്ടാകുന്ന അനുഭൂതിക്കാണ് പ്രാധാന്യം , എങ്കിലും ഇത്  വിശ്വസിക്കാനിഷ്ടപ്പെടുന്നവരാണ്  കൂടുതലും .

സങ്കല്പ വ്യത്യാസം 

1. ഏകദൈവവിശ്വാസത്തിലെ  ദൈവം സർവ്വ  വ്യാപിയല്ല. ഏകാത്മദർശനത്തിലെ ദൈവം അഥവാ  ഓം  സർവ്വ വ്യാപിയാണ് .

2. ഏകദൈവ വിശ്വാസത്തിൽ ദൈവം എല്ലാത്തിൽ നിന്നും വ്യത്യസ്ത്തനാണെന്നും അദ്ദേഹം ഒരിടത്തിരുന്ന്  സർവ്വതിനേയും നിയന്ത്രിക്കുന്നതായും കരുതുന്നു . ഏകാത്മദർശനത്തിൽ   ദൈവം ഒന്നിൽനിന്നും വ്യത്യസ്തനല്ലെന്നും നിയന്ത്രിക്കുന്നതും നിയന്ത്രണവും നിയന്ത്രിക്കപ്പെടുന്ന വസ്തുവും ഒന്നാണെന്ന് വരുന്നു .

3. ഏകദൈവ വിശ്വാസത്തിലെ ദൈവം കുറെ മാനദണ്ഡങ്ങളും  നിയന്ത്രണങ്ങളും ചട്ടവട്ടങ്ങളും നല്കുന്നു . ഏകാത്മദർശനത്തിൽ   ദൈവം എന്തെങ്ങിലും  മാനദണ്ഡങ്ങളോ നിയന്ത്രണമോ പ്രത്യേക ചട്ടവട്ടമോ നല്കുന്നില്ല .

4. ഏകദൈവ വിശ്വാസത്തിൽ ദൈവത്തിന്  പ്രത്യേകമായി എല്ലാത്തിൽ നിന്നും വേറിട്ട നിലനില്പ്പും അസ്ത്തിത്വവും കല്പ്പിക്കുന്നു . ഏകാത്മദർശനത്തിൽ ദൈവത്തിന് വേറിട്ട അസ്ത്തിത്വവും നിലനില്പ്പും കൽപ്പിക്കപ്പെടുന്നില്ല.

5. ഒന്നാമത്തേതിൽ ദൈവം മനുഷ്യന്റെ  സർവ്വ കർമ്മങ്ങളുടെയും കണക്കു വെക്കുകയും അതിനനുസൃതമായി  ശിക്ഷാ വിധികൾ പ്രഖ്യാപിക്കുമെന്നും പറയപ്പെടുന്നു .രണ്ടാമത്തേതിൽ ശിക്ഷകനും ശിക്ഷിക്കപ്പടുന്നയാളും ഒന്നാണ് ഇതിൽ പ്രകൃതിയിലെ  ബാഹ്യവും ആന്തരികവുമായ കർമ്മ നിയമങ്ങളെ  അനുകൂലിക്കുന്നു (law  of  nature).

6. ഒന്നാമത്തേതിൽ ദൈവം നന്മയുടെയും സ്വാത്വികതയുടെയും ശരിയുടേയും വിശ്വസ്തതയുടെയും നല്ലവന്റെയും  പക്ഷത്താണ് .രണ്ടാമത്തേതിൽ ദൈവം നന്മയുടെയും  ശരിയുടേയും പക്ഷത്തുമാത്രമല്ല , ചതിയന്റെയും വഞ്ചകന്റെയും തെമ്മാടിയുടെയും ക്രൂരന്റെയും കൂടെയുമാണ്‌ .

7. ഒന്നാമത്തേതിൽ  ദൈവം നന്മയും ശരിയും എന്താണെന്നു  നിർവചിക്കുന്നുണ്ട്. രണ്ടാമത്തതിലെ ദൈവം അങ്ങനെ ഒരു നിർവചനമൊന്നും നല്കുന്നില്ല.  പൊതുവിൽ ഈ ദർശനം പ്രകൃതിനിയമങ്ങളെ  അനുകൂലിക്കുന്നു .

8.   ഒന്നാമത്തേതിൽ ദൈവം തന്നെ വിശ്വസിക്കുന്നവർക്ക് പ്രത്യേക പരിഗണന നല്കുന്നു. എന്നാൽ രണ്ടാമത്തേതിൽ ഏകാത്മദർശനത്തെ പിന്തുണച്ചാലും  ഇല്ലെങ്കിലും പ്രത്യേക പരിഗണന കൊടുക്കുന്നില്ല.

9. ഏകദൈവ വിശ്വാസത്തിൽ ദൈവം പ്രവാചകന്മാരിലൂടെയും   അവതാര പുരുഷന്മാരിലൂടെയും തന്റെ  സന്ദേശം അയക്കുന്നതായി കരുതുന്നു . എന്നാൽ ഏകാത്മദർശനത്തിൽ ഇത്തരം സന്ദേശങ്ങക്ക്  പ്രസക്തിയില്ല. ഇവിടെ ദൈവത്തിന്റെ ഭാഗമായ പ്രകൃതിനിയമങ്ങക്കനുസൃതമായി സംഭവങ്ങൾ നടക്കുന്നതായി കരുതുന്നു .

10. ഒന്നാമത്തേതിൽ ദൈവം സ്വർഗ്ഗ-നരകങ്ങൾ വാഗ്ദാനം ചെയ്യുന്നു . രണ്ടാമത്തേതിൽ ഇത്തരം വാഗ്ദാനങ്ങളില്ല , സ്വർഗ്ഗ-നരകങ്ങൾ ഉണ്ടെങ്കിൽ അതും ദൈവത്തിന്റെ ഭാഗമായി കാണുന്നു .

11. ഏക ദൈവവിശ്വാസത്തിൽ സർവശക്തനായ ദൈവത്തിനു സ്വാധീനിക്കാൻ കഴിയാത്ത സർവശക്തനായ ഒരു പിശാചിനെയും  കാണാം. ഏകാത്മദർശനത്തിൽ പിശാച് എന്ന സങ്കല്പം ഇല്ല ഉണ്ടെങ്കിൽ അതും ദൈവത്തിന്റെ ഭാഗമാണ് .

12. ഒന്നാമത്തേതിൽ ദൈവം സ്വർഗസ്ഥനും പരമകരുണ്യവാനും (ശിക്ഷാവിധികൾ ക്രൂരമായി കണക്കാക്കുന്നതല്ല )  പുരുഷ പ്രതീകവുമാണ് . രണ്ടാമത്തേതിൽ ദൈവത്തിന്റെ ഭാഗമായി സ്വർഗ്ഗവും-നരകവും (അവ ഉണ്ടെങ്കിൽ) കാരുണ്യവും-ക്രൂരതയും പുരുഷനും-സ്ത്രീയും-നപുംസകവും ഉണ്ട് .

13. ഒന്നമാത്തെതിലെ ദൈവത്തിനു  ദേഷ്യം വരുക ശിക്ഷിക്കുക പകയോടെ നോക്കിക്കാണുക സ്നേഹം വരുക അജ്ഞാപിക്കുക ഇഷ്ടക്കേടുണ്ടാകുക എന്നിങ്ങനെ  മനുഷ്യനുള്ള കുറെയേറെ വികാരങ്ങളും വിചാരങ്ങളും കാണാം. രണ്ടാമത്തേതിൽ മനുഷ്യൻ,ദൈവം എന്നിങ്ങനെയുള്ള വേർതിരിവില്ല  .

ഈ വ്യത്യാസങ്ങളൊക്കെ കുറിച്ചത് ഇതിലെ ഏതെങ്കിലും ദൈവ സങ്കല്പം മികച്ചതാണെന്ന് സ്ഥാപിക്കാനല്ല. അതുപോലെ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കനുമല്ല , മറിച്ച് ഏകദൈവ വിശ്വാസവും ഏകാത്മ ദർശനവും വ്യത്സ്യസ്ഥ ദൈവ സങ്കല്പ്പമാണ് മുന്നോട്ടുവെക്കുന്നതെന്ന്  പറയാനാണ് . അതോടൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കണം അത് ഏകാത്മ ദർശനവും ഏകാത്മ വിശ്വാസവും രണ്ടാണെന്ന് കൂടിയാണ് . അതായതു ഏകദൈവ വിശ്വാസം പോലെ ഏകാത്മ വിശ്വാസവും ഉണ്ട് എന്നും  അറിയണം . ദർശനം തന്റെ അനുഭവത്തിലൂടെയും  അനുഭൂതിയിലൂടെയും  രൂപപെടുന്നതും അതേസമയം വിശ്വാസം അനുമാനത്തിലൂടെയും ആഗ്രഹത്തിലൂടെയും ഭയംകൊണ്ടും രൂപപ്പെടുന്നതുമാകുന്നു. ഉദാഹരണമായി നമുക്ക് റോസ് പൂവിലുള്ള വിശ്വാസം എടുക്കാം . നിങ്ങൾ റോസ് പൂവിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരാൾ ചോദിച്ചാൽ ആ ചോദ്യത്തിൽ   എന്തോ  അപാകത ഉള്ളതായി തോന്നില്ലേ ? അതിനുകാരണം ബോധ്യമുള്ളതിൽ ആരും വിശ്വസിക്കാറില്ല എന്നതാണ് . ഏകദൈവ വിശ്വാസവും ഏകാത്മ വിശ്വാസവും തെറ്റാണെന്നല്ല പറയുന്നത് ഒരുപക്ഷെ അത് മറ്റാരുടെയോ (പ്രവാചകന്മാർ   -അവതാരങ്ങൾ )അനുഭവം ആയിരിക്കാം . പക്ഷെ വീണ്ടും ഒരു ചോദ്യം വരും എങ്ങനെയാണു രണ്ടു അനുഭവങ്ങൾ വളരെ വിരുദ്ധമാവുക ? ഒരു പക്ഷെ കണ്ടവരുടെ കാഴ്ചയുടെ കുഴപ്പമായിരിക്കാം അല്ലെങ്കിൽ തെറ്റുദ്ധാരണ   മൂലവും ആകാം. എന്തായാലും നമ്മുടെ വിഷയം അതല്ല, വ്യത്യസ്ത ദൈവ സങ്കല്പം എന്തിനാണ് ഒന്നായി പറഞ്ഞു എല്ലാവരെയും തെറ്റുദ്ധരിപ്പിക്കുന്നത് എന്നാണ് . സത്യത്തിൽ ഭയം മൂലമാണെന്നാണ് തോന്നുന്നത് . വ്യത്യസ്ത ദൈവസങ്കല്പ്പം ഉണ്ടായാൽ സമൂഹത്തിൽ ചേരിതിരുവും സംഘർഷവും ഉണ്ടാവുമെന്നതാണ് ഭയം.  ഏച്ചുകൂട്ടിയാൽ   മുഴച്ചിരിക്കും എന്നതാണ് സത്യം, അതാണിപ്പോൾ കണ്ടു വരുന്നതും . വ്യത്യസ്തമായത് വ്യത്യസ്തമായി മനസിലാക്കാനുള്ള വിദ്യാഭ്യാസമാണ് ഇവിടെ ആവശ്യം . നാനാത്വത്തിൽ ഏകത്വം മാത്രമല്ല നാനാത്വവും ഉൾക്കൊള്ളാനുള്ള ശേഷി നമുക്ക് ആർജിച്ചെടുക്കണം.

---------------------------------------------------

For spiritual search with us .....

For spiritual search with us please click here